ചീത്തപറയുന്നതും തെറിവിളിക്കുന്നതും ഇസ്ലാം അടിസ്ഥാനപരമായി തന്നെ വിലക്കിയതാണ്. നാവിനെ സൂക്ഷിച്ചു ജീവിക്കാനാണ് ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നത്. അപ്പോൾ ഒരു മുസ്ലിം ഒരിക്കലും ചീത്തവിളിക്കുന്നവനോ ശപിക്കുന്നവനോ ആകുകയില്ല. വ്യക്തികളെയോ വസ്തുക്കളെയോ മൃഗങ്ങളെയോ പ്രകൃതി പ്രതിഭാസങ്ങളെയോ ഒന്നും തന്നെ അവൻ ആക്ഷേപിക്കുകയില്ല. തദ്‌വിഷയകമായി നബിയിൽ നിന്നും ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ പെട്ടതാണ് “എന്റെ സഹാബത്തിനെ ചീത്ത വിളിക്കരുത്” “ആരെയും ചീത്തവിളിക്കരുത്, നിസാരമാക്കുകയുമരുത്” “മരിച്ചവരെ നിങ്ങള്‍ ചീത്തവിളിക്കരുത് ജീവിക്കുന്നവരെയത്
വേദനിപ്പിക്കും” “മരിച്ചവരെ നിങ്ങള്‍ ചീത്തവിളിക്കരുത്, അവര്‍ മുമ്പ് എന്ത് പ്രവര്‍ത്തിച്ചുവോ അവരതിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു” “പനിയെ നിങ്ങള്‍ ആഷേപിക്കരുത്, കാരണമത് മനുഷ്യന്റെ തെറ്റുകളെ ഇല്ലാതാക്കും” “നിങ്ങള്‍ കാറ്റിനെ കുറ്റം പറയരുത്” “നിങ്ങൾ കാലത്തെ കുറ്റം പറയരുത്, കാരണം കാലം അല്ലാഹു തന്നെയാണ്” “നിങ്ങള്‍ കോഴിയെ ചീത്തപറയരുത് കാരണമത് നമസ്കാരത്തിന് ഉണര്‍ത്തുന്നു”ഓരോ വസ്തുവിനും എന്തെങ്കിലും നന്‍മയുണ്ട് അതു കൊണ്ട് തന്നെ അവയെയൊന്നും കുറ്റപ്പെടുത്തരുത്. അതിലെല്ലാമുപരിയായി അല്ലാഹു പറയുന്നു “അല്ലാഹുവെ കൂടാതെ അവർ വിളിച്ചു പ്രാർഥിക്കുന്നവയെ നിങ്ങൾ ശകാരിക്കരുത്. അങ്ങനെ ചെയ്താൽ അവർ തങ്ങളുടെ അറിവില്ലായ്മയാൽ അല്ലാഹുവെയും അന്യായമായി ശകാരിക്കും (അന്‍ആം:108) മുശ്‌രിഖുകള്‍ ആരാധിക്കുന്ന കല്ലുകൊണ്ടുള്ള ബിംബങ്ങളെ നിങ്ങള്‍ ആഷേപിക്കരുത്, കാരണം ആക്ഷേപത്തിന് മറുപടിയായി അവർ അല്ലാഹുവിനെ ആക്ഷേപിക്കാൻ ധൈര്യം കാണിക്കും. ആക്ഷേപിക്കുന്നതിന്റെ ഗൌരവം വ്യക്തമാക്കുന്നതാണീ ഹദീസ് “നിങ്ങൾ പിശാചിനെ ചീത്തവിളിക്കരുത്, അവന്റെ ഉപദ്രവത്തില്‍ നിന്നല്ലാഹുവിലഭയം തേടുകയും ചെയ്യുക” പിശാചിനെ ആക്ഷേപിക്കുന്നതിനു പകരം അവന്റെ ഉപദ്രവത്തിൽ നിന്നല്ലാഹുവിലഭയം തേടാനാണ് മുസ്ളിംകളോട് കൽപ്പിക്കുന്നത്. നിങ്ങള്‍ പിശാചിനെ ശപിക്കുകയെന്നോ ആക്ഷേപിക്കുക എന്നോ ഖുര്‍ആനും നമ്മോട് കല്‍പ്പിക്കുന്നില്ല. അല്ലാഹുവില്‍ അഭയം തേടാൻ മാത്രമാണ് ഖുര്‍ആൻ പഠിപ്പിക്കുന്നത് “ചെകുത്താന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാൻ നിന്നിൽ ശരണം തേടുന്നു"(അല്‍ മുഅ്മിനൂന്‍: 98)അതുകൊണ്ട് തന്നെ ഇസ്ളാമികാധ്യാപനങ്ങൾ ഇസ്ലാമിക വ്യക്തിത്വം ക്രിയാത്മകവും പ്രയോജനകരവുമായിരിക്കണമെന്ന് പ്രത്യേകം താത്പര്യം കാണിക്കുന്നു. സംഹാരത്തിനു പകരം നിര്‍മ്മാണത്തെയാണത് ലക്ഷ്യം വെക്കുന്നത്. അന്ധകാരത്തെ ശപിക്കുന്നതിനു പകരം വഴിയിൽ ഒരു വിളക്ക് കത്തിച്ചു വെക്കാനാണത് നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യത്തിലെല്ലാം റസൂൽ (സ) നമുക്ക് ഉത്തമ മാതൃകയാണ്, അദ്ദേഹം ശപിക്കുന്നവനോ ആക്ഷേപിക്കുന്നവനോ ആയിരുന്നില്ല.
(അവലംബം: ഡോ. യൂസുഫുൽ ഖറദാവിയുടെ ഫതാവാ മുആസറ ഭാഗം 4)
1 comment:
നല്ല ഓര്‍മ്മപ്പെടുത്തല്‍.
Post a Comment